ജീവിക്കാനുള്ള അവകാശത്തിനായി സാമ്രാജ്യത്വ ശക്തികൾക്കെതിരെ പൊരുതി മുന്നേറി രക്തപുഷ്പങ്ങളായ പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ സ്മരണപുതുക്കി വാരാചരണത്തിന് ഇന്ന് കൊടിയുയരും. 76-ാം വാർഷിക വാരാചരണത്തിന്റെ പതാകദിനമായ ഇന്ന് സി എച്ച് കണാരൻ ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി നൂറുകണക്കിന് കേന്ദ്രങ്ങളിൽ ഇന്ന് പ്രവർത്തകരും നേതാക്കളും പതാക ഉയർത്തും. സിപിഐ- സിപിഐ എം സംയുക്തമായാണ് വാരാചരണം സംഘടിപ്പിക്കുന്നത്. പുന്നപ്ര രക്തസാക്ഷികളും പി കൃഷ്ണപിള്ള ഉൾപ്പെടെയുള്ള നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ ഇന്ന് വൈകിട്ട് 5ന് വിപ്ലവ ഗായിക പി കെ മേദിനി പതാക ഉയർത്തും. തുടർന്ന് ചേരുന്ന സി എച്ച് കണാരൻ അനുസ്മരണ സമ്മേളനത്തിൽ വി എസ് മണി അധ്യക്ഷനാകും. പി കെ ബൈജു സ്വാഗതം പറയും. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, പി പി ചിത്തരഞ്ജൻ എംഎൽഎ, പി വി സത്യനേശൻ, എച്ച് സലാം എംഎൽഎ, ജി കൃഷ്ണപ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. സമരപോരാളികൾ വെടിയേറ്റ് മരിച്ച മാരാരിക്കുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന സി എച്ച് കണാരൻ അനുസ്മരണ സമ്മേളനത്തിൽ ടി ജെ ആഞ്ചലോസ്, ആർ നാസർ എന്നിവർ സംസാരിക്കും. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പതാകയും കൊടിമരവും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇന്ന് വൈകിട്ട് 5ന് പുന്നപ്ര സമരഭൂമിയിൽ എത്തിക്കും. തുടർന്ന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയൻ പതാക ഉയർത്തും. 5.30ന് നടക്കുന്ന സി എച്ച് കണാരൻ അനുസ്മരണ സമ്മേളനത്തിൽ എച്ച് സലാം എംഎൽഎ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ എന്നിവർ സംസാരിക്കും. വയലാറിൽ നാളെ രാവിലെ 11ന് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽ വൈകിട്ട് 6ന് മുതിർന്ന സിപിഐ നേതാവ് എൻ കെ സഹദേവനും പതാക ഉയർത്തും.
top of page
bottom of page
Commentaires